തൃശൂർ: ചെറുതുരുത്തി പള്ളം എസ്റ്റേറ്റ് പടി ഭാഗത്ത് അമിത വേഗതയിൽ വന്ന കാർ നിരവധി യാത്രക്കാരെയും വാഹനങ്ങളെയും ഇടിച്ചുതെറിപ്പിച്ചു. യാത്രക്കാരെയും വാഹനങ്ങളെയും ഇടിച്ചുതെറിപ്പിച്ചതിനു ശേഷം നിർത്താതെ പോയ കാർ നാട്ടുകാർ ചേർന്ന് പിന്തുടർന്ന് പിടികൂടി. ചെറുതുരുത്തി സ്കൂളിന് സമീപം വെച്ചാണ് നാട്ടുകാർ കാർ യാത്രികരെ പിടികൂടിയത്.
അപകടത്തിൽ പള്ളം വയ്യാട്ടുകാവിൽ അബ്ദുള്ളക്കുട്ടി, ചുട്ടപ്പറമ്പിൽ ഷബീർ, അബൂബക്കർ തുടങ്ങി നിരവധി പേർക്കാണ് പരുക്കേറ്റത്. പള്ളം എസ്റ്റേറ്റ് പടി സ്വദേശി റാസിം എന്നയാളാണ് വാഹനം ഓടിച്ചിരുന്നത്. നാട്ടുകാർ വിവരമറിച്ചതിനെത്തുടർന്ന് ചെറുതുരുത്തി പൊലീസ് സ്ഥലത്തെത്തുകയുണ്ടായി.
Also Read: അമ്മയും മക്കളും പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവം; ചർച്ചയായി അഡ്വ. ജിസ്മോളുടെ പഴയ ഫേസ്ബുക്ക് പോസ്റ്റ്
അപകടത്തെ തുടർന്ന് രോഷാകുലരായ നാട്ടുകാരെ നിയന്ത്രിക്കാൻ പോലീസ് ഏറെ പാടുപെട്ടു. സർക്കിൾ ഇൻസ്പെക്ടർ എ അനന്തകൃഷ്ണന്റെ നേതൃത്വത്തിലെത്തിയ പൊലീസിന് നാട്ടുകാരെ സ്ഥലത്തുനിന്ന് മാറ്റാൻ ലാത്തിവീശേണ്ടി വന്നു. കാറും റാസിനൊപ്പം ഉണ്ടായിരുന്ന യുവാക്കളെയും യുവതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
Also Read: കാസർഗോഡ് റെയിൽവേ ട്രാക്കിൽ കരിങ്കല്ലും മരത്തടികളും നിരത്തി തീയിട്ടു: യുവാവ് അറസ്റ്റിൽ