കർണാടകയിലുള്ള വഖഫ് ഭൂമിയിലെ ക്ഷേത്രങ്ങളോ മറ്റ് ആരാധനാലയങ്ങളോ നീക്കം ചെയ്യുകയോ കർഷകരെ ഒഴിപ്പിക്കുകയോ ചെയ്യില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. വഖഫ് വിഷയത്തിൽ പ്രതിപക്ഷം നിയമസഭയിൽ ഉയർത്തിയ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു സിദ്ധരാമയ്യ.
വിവാദങ്ങളിൽ റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ വിശദമായ മറുപടി നൽകിയിട്ടുണ്ടെന്നും ഇതിൽ പ്രതിപക്ഷം തൃപ്തരല്ലെങ്കിൽ വിവാദ വിഷയങ്ങൾ പരിശോധിക്കാൻ റിട്ട. ജഡ്ജി അധ്യക്ഷനായുള്ള സമിതി രൂപീകരിക്കാനും സർക്കാർ ഒരുക്കമാണെന്ന് സിദ്ധരാമയ്യ പറഞ്ഞു. ഇക്കാര്യങ്ങളിൽ ക്ഷേത്രങ്ങൾക്ക് നൽകിയ നോട്ടീസ് പിൻവലിക്കുമെന്നും കോൺഗ്രസ് നേതാവ് അറിയിച്ചു.
1954ൽ കേന്ദ്ര സർക്കാർ നടപ്പാക്കിയ വഖഫ് നിയമം സംസ്ഥാന സർക്കാരിന് ഭേദഗതി ചെയ്യാനാകില്ലെന്നും 2008 മുതൽ 2013 വരെയും 2019 മുതൽ 2023 വരെയും ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാരാണ് കേന്ദ്രത്തിലുണ്ടായിരുന്നത്. 2014 മുതൽ അവർ കേന്ദ്രം ഭരിക്കുന്നുണ്ട്. ആ സമയത്തൊന്നും വഖഫ് ഭേദഗതിയെ കുറിച്ച് ആലോചിക്കാതെ ഇപ്പോഴാണ് വിവാദമുയർത്തി രംഗത്തെത്തുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.
1.28 ലക്ഷം ഏക്കർ വഖഫ് ഭൂമിയാണ് സംസ്ഥാനത്തുള്ളതെന്നും ഇവ സംരക്ഷിക്കാൻ സുപ്രീംകോടതിയുടെ ഉത്തരവുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു. ഒരിക്കൽ വഖഫ് സ്വത്തായി രജിസ്റ്റർ ചെയ്തവ എപ്പോഴും വഖഫ് തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.