പ്രസിഡൻ്റിനെ ഇംപീച്ച് ചെയ്ത പാർലമെൻ്റ് നടപടി പൂർത്തിയാക്കാൻ കൂട്ടുനിന്നില്ല, ദക്ഷിണ കൊറിയയിൽ ആക്ടിങ് പ്രസിഡൻ്റിനെയും ഇംപീച്ച് ചെയ്ത് പാർലമെൻ്റ്. രണ്ടാഴ്ച മുൻപേ പ്രസിഡൻ്റ് യൂൺ സുക്യോളിനെ ഇംപീച്ച് ചെയ്ത നടപടികൾ പൂർത്തീകരിക്കാൻ പകരം ചുമതലയേറ്റ മുൻ പ്രധാനമന്ത്രി ഹാൻ ഡക്ക് സൂയെ കൂട്ടാക്കുന്നില്ല എന്ന കാരണത്താലാണ് ആക്ടിങ് പ്രസിഡൻ്റിനെയും ഇംപീച്ച് ചെയ്യാൻ ദക്ഷിണ കൊറിയൻ പാർലമെൻ്റ് തീരുമാനിക്കുന്നത്.
സംഭവത്തിൽ പ്രധാന പ്രതിപക്ഷ കക്ഷിയായ ഡെമോക്രാറ്റിക് പാർടി നേതാവ് ലീ ജേമ്യുങ്ങ് അവതരിപ്പിച്ച പ്രമേയം വെള്ളിയാഴ്ച വോട്ടിനിട്ടു. വോട്ടിനിടുന്നതിന് തൊട്ടുമുമ്പ് വരെ പ്രമേയം പാസ്സാക്കാൻ എത്ര വോട്ട് വേണം എന്നതിൽ അനിശ്ചിതത്വമുണ്ടായിരുന്നു.
ഭരണഘടനപ്രകാരം പ്രധാനമന്ത്രിയെ ഇംപീച്ച് ചെയ്യാൻ കേവല ഭൂരിപക്ഷം മതി. എന്നാൽ, പ്രസിഡൻ്റിനെ ഇംപീച്ച് ചെയ്യാൻ മൂന്നിൽ രണ്ട് അംഗങ്ങളുടെ പിന്തുണ വേണം. ഇതിനിടെ, ഇംപീച്ച്മെൻ്റ് പ്രമേയം പാസ്സാകാൻ 151 വോട്ട് മതിയെന്ന നാഷണൽ അസംബ്ലി സ്പീക്കറുടെ പ്രഖ്യാപനം ഭരണപക്ഷ എംപിമാരുടെ എതിർപ്പിന് ഇടയാക്കി.
എന്നാൽ, ഹാനിൻ്റെ ഇംപീച്ച്മെൻ്റും ഭരണഘടനാ കോടതി അംഗീകരിക്കേണ്ടതുണ്ട്. മുൻ പ്രസിഡൻ്റ് യൂണിൻ്റെ ഇംപീച്ച്മെൻ്റ് അംഗീകരിക്കണോ എന്നതിലെ ആദ്യ വാദം കേൾക്കൽ കഴിഞ്ഞ ദിവസം നടന്നു. പാർലമെൻ്റ് പാസ്സാക്കിയ ഇംപീച്ച്മെൻ്റ് പ്രമേയത്തിൽ 6 മാസത്തിനുള്ളിൽ ഭരണഘടനാ കോടതി അന്തിമവിധി പ്രഖ്യാപിക്കണം.