കേരളത്തില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം നടപ്പാക്കുന്നതിനെതിരെ എല്ലാവരും ഒരുമിച്ച് നീങ്ങണമെന്നാണ് സര്‍ക്കാര്‍ തീരുമാനമെന്ന് മന്ത്രി പി രാജീവ്. നിയമവശങ്ങള്‍ പരിശോധിക്കും. എസ്ഐആര്‍ നടപ്പാക്കുന്നതിനെതിരെ കേരളം ഒരേ സ്വരത്തില്‍ നിലപാട് സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തില്‍ പങ്കെടുത്ത ബിജെപി ഒഴികെയുള്ള കക്ഷികള്‍ സര്‍ക്കാര്‍ തീരുമാനത്തെ പൂര്‍ണമായും പിന്തുണച്ചു.
കേരളം നേരത്തെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് കൊടുത്തിരുന്നു. എന്നാല്‍ കേരളത്തിന്റെ കത്തിന് പരിഗണന നല്കാന് കേന്ദ്രം തയ്യാറായില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് പുതുക്കിയ വോട്ടര്‍പട്ടിക നിലവിലിരിക്കെ 2002ലെ പട്ടിക അടിസ്ഥാനമാക്കി തീവ്രവോട്ടര്‍ പട്ടിക പരിഷ്ക്കരണം നടപ്പാക്കാനുള്ള നീക്കം അശാസ്ത്രീയമാണ്. ഇത് തെറ്റായ സമീപനമാണ്. ഇക്കാര്യത്തില്‍ ഒന്നിച്ചു നീങ്ങണം എന്നു തന്നെയാണ് സര്‍ക്കാര്‍ തീരുമാനം. കക്ഷികള്‍ എല്ലാവരും പരസ്പരം സഹകരിച്ച് എങ്ങനെ മുന്നോട്ടു പോകാന്‍ കഴിയുമെന്ന് തീരുമാനിക്കാമെന്നും മന്ത്രി പി രാജീവ് പറഞ്ഞു.