നേപ്പാള്‍ അതിര്‍ത്തിക്ക് സമീപം ടിബറ്റില്‍ 7.1 തീവ്രതയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മുപ്പത്തിരണ്ട് പേര് കൊല്ലപ്പെട്ടു. ശക്തമായ ഭൂചലനത്തിന്റെ പ്രകമ്പനം ബിഹാര്‍, അസം, പശ്ചിമബംഗാള്‍ ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ടു.
ഹിമാലയപര്‍വത നിര രൂപപ്പെടാന്‍ കാരണമായ ഇന്ത്യന്‍ യുറേഷ്യന്‍ ടെക്ടോണിക്ക് പ്ലേറ്റുകളുടെ കൂട്ടിയിടി നടന്ന നിരന്തരം ഭൂമികുലുക്കം ഉണ്ടാക്കാന്‍ ഇടയുള്ള പ്രദേശത്താണ് നേപ്പാള്‍ സ്ഥിതി ചെയ്യുന്നത്. പത്തു വര്‍ഷങ്ങള്‍ക്ക് മുമ്പ് 2015ല്‍ ഇത്തരത്തില്‍ നേപ്പാളില്‍ ഉണ്ടായ 7.8 തീവ്രതയുണ്ടായിരുന്ന 9000 പേര് കൊല്ലപ്പെടുകയും 22000 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ലക്ഷക്കണക്കിന് വീടുകളാണ് അന്ന് തകര്‍ന്നടിഞ്ഞത്.
ALSO READ: നേപ്പാളിൽ വൻ ഭൂചലനം; 7 .1 തീവ്രത രേഖപ്പെടുത്തി
നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി വിവരം അനുസരിച്ച് രാവിലെ 6.35നാണ് ഭൂചലനമുണ്ടായത്. ഒന്നിനു പിറകേ ഒന്നായി മൂന്ന് ഭൂചലനങ്ങളാണ് പ്രദേശത്തുണ്ടായത്. പത്ത് കിലോമീറ്റര്‍ ആഴത്തില്‍ 7.02ന് ഉണ്ടായ രണ്ടാമത്തെ ഭൂചലനത്തിന്റെ തീവ്രത 4.7ആണ്. 4.9 തീവ്രതയായിരുന്നു 7.07ന് 30കിലോമീറ്റര്‍ ആഴത്തില്‍ ഉണ്ടായ മൂന്നാമത്തെ ഭൂചലനത്തിന്.
ഭൂചലനത്തിന്റെ ശക്തമായ ആഘാതത്തില്‍ ബിഹാറില്‍ ജനങ്ങള്‍ ഫ്ളാറ്റുകളില്‍ നിന്നും അപ്പാര്‍ട്ട്മെന്റുകളില്‍ നിന്നും പുറത്തേക്കിറങ്ങേണ്ട സാഹചര്യമുണ്ടായി. അതേസമയം മറ്റ് നാശനഷ്ടങ്ങളൊന്നും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.