ജമാഅത്തെ ഇസ്ലാമി സ്ഥാപക നേതാവ് അബുല്‍ ഔലാ മൗദൂദിയെ കേരളത്തിലെ അമീര്‍ പി മുജീബ് റഹ്മാന് തള്ളിപ്പറഞ്ഞത് വെറും അവസരവാദമാണെന്നതിന് തെളിവുകള്‍ പുറത്ത്. ജമാഅത്തെ ഇസ്ലാമി കേരളയുടെ വെബ്സൈറ്റില്‍ ഇപ്പോഴും മൗദൂദിയുടെ വിവരണങ്ങളും ചിത്രങ്ങളും നല്‍കിയിട്ടുണ്ട്. ഹാജി സാഹിബ് എന്ന് വിളിക്കപ്പെടുന്ന വിപി മുഹമ്മദ് അലിയാണ് കേരളത്തില്‍ ജമാഅത്തെ ഇസ്ലാമി സ്ഥാപിച്ചതെന്ന് വെബ്സൈറ്റ് അവകാശപ്പെടുന്നു.
മൗദൂദിയുടെ പുസ്തകങ്ങള്‍ വായിച്ചു അതില്‍ ആകൃഷ്ടനാകുകയും നിരന്തരം കത്തിടപാടുകള്‍ നടത്തുകയും അങ്ങനെ ജമാഅത്തെ ഇസ്ലാമിയെ കുറിച്ച് പഠിക്കുകയും ചെയ്ത ആളാണ് ഹാജി സാഹിബ്. 1941ല്‍ അദ്ദേഹം ജമാഅത്തെ ഇസ്ലാമി അംഗമായി. ജമാഅത്ത് സ്ഥാപിതമായ വര്‍ഷമായിരുന്നു അത്. മൗദൂദിയുടെ ആസ്ഥാനമായ പഠാന്‍കോട്ടിലേക്ക് യാത്ര പോകുകയും ഡല്‍ഹിയില്‍ അദ്ദേഹവുമായി ഹാജി സാഹിബ് കൂടിക്കാഴ്ചയും നടത്തി. സാഹസിക യാത്രയെന്നാണ് ഇതിനെ ജമാഅത്തെ ഇസ്ലാമി വെബ്സൈറ്റ് വിശേഷിപ്പിക്കുന്നത്.
Read Also: ജമാഅത്തെ ഇസ്ലാമി സമുദായത്തിന്റെ രക്ഷിതാവ് ചമയേണ്ടെന്ന് മുസ്ലിം നേതാക്കളുടെ താക്കീത്
പഠാന്‍കോട്ടില്‍ രണ്ട് വര്‍ഷം ഹാജി സാഹിബ് താമസിച്ച് മൗദൂദിയുടെ രണ്ട് പുസ്തകങ്ങള്‍ ഇസ്ലാം മതം, രക്ഷാസരണി എന്നീ പേരുകളില്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്തു. ഇവ രണ്ടും ജമാഅത്തെ ഇസ്ലാമിയുടെ പ്രസിദ്ധീകരണശാലയായ ഐപിഎച്ച് ആണ് പ്രസിദ്ധീകരിച്ചത്. പഠാന്‍കോട്ടില്‍ നിന്ന് തിരിച്ചെത്തിയ ഹാജി സാഹിബ് 1944ല്‍ ജമാഅത്തുല്‍ മുസ്തര്‍ഷിദീന്‍ എന്ന പേരില്‍ കേരളത്തില്‍ സംഘടന സ്ഥാപിക്കുകയും അത് പിന്നീട് ജമാഅത്തെ ഇസ്ലാമിയായി മാറുകയും ചെയ്തു. 1948ല്‍ സ്ഥാപിതമായ കേരള ജമാഅത്തെ ഇസ്ലാമിയുടെ ആദ്യ അമീറും ഹാജി സാഹിബ് ആയിരുന്നു.
ഇങ്ങനെ മൗദൂദിയുമായുള്ള പൊക്കിള്‍ക്കൊടി ബന്ധത്തില്‍ എക്കാലവും ഊറ്റംകൊള്ളുന്നവരാണ് ജമാഅത്തെ ഇസ്ലാമി. പ്രത്യക്ഷത്തില്‍ മൗദൂദിയെ തള്ളുമ്പോഴും അദ്ദേഹവുമായുള്ള ബന്ധം വിച്ഛേദിക്കാനോ പുസ്തകങ്ങള്‍ പിന്‍വലിക്കാനോ ജമാഅത്തെ ഇസ്ലാമി തയ്യാറായിട്ടില്ല. മതരാഷ്ട്രവാദവും മുസ്ലിം സമൂഹത്തിലേക്കും അല്ലാതെയുമുള്ള ഒളിച്ചുകടത്തലും രാഷ്ട്രീയ മേലാളത്തം ചമയുന്നതും വിവാദമായ ഘട്ടത്തിലും മുഖ്യധാരാ മുസ്ലിം സംഘടനകളെല്ലാം എതിരായി വന്ന പശ്ചാത്തലത്തിലും കൈകഴുകാന്‍ വേണ്ടി മാത്രമുള്ളതാണ് ഇപ്പോഴത്തെ തള്ളിക്കളയലെന്ന് ഇതോടെ വ്യക്തമാകുന്നു. ബംഗ്ലാദേശിലെയും പാക്കിസ്ഥാനിലെയും ജമ്മു കഷ്മീരിലെയും ജമാഅത്തെ ഇസ്ലാമിയുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് കേരള ഘടകം പറയുന്നത് പോലെയൊരു കണ്കെട്ട് വിദ്യയാണ് ഇതെന്നും വ്യക്തമാകുന്നു.