ഹരിതകര്‍മ്മ സേനാ അംഗങ്ങളുടെ സംഗമത്തിന്റെ ഭാഗമായി ചരിത്രത്തിലാദ്യമായി റാമ്പ് വാക്ക് സംഘടിപിച്ച് കോഴിക്കോട് കോര്പ്പറേഷന്. നഗരം കാക്കുന്ന ഹരിത കര്‍മ്മ സേന അംഗങ്ങള്‍ റാമ്പില്‍ എത്തിയത് ആവേശകാഴ്ചയായി മാറി. കോഴിക്കോട് കോര്പ്പറേഷന് പരിധിയിലെ ഹരിത കര്‍മ്മസേനാ സംഗമത്തിന്റെ ഭാഗമായി നിരവധി പരിപാടികളാണ് സംഘടിപ്പിച്ചത്. അതില്‍ ഏറെ ആകര്‍ഷണീയമായിരുന്നു ഹരിതകര്‍മ്മ സേന അംഗങ്ങളുടെ റാമ്പ് വാക്ക്.
നഗരത്തെ ശുചിത്വപൂര്‍ണ്ണമായി കാത്തുവെക്കുന്ന മനുഷ്യര്‍ അങ്ങനെ ചരിത്രത്തിലാദ്യമായി റാമ്പ് വാക്കുമായി എത്തി. കേരളത്തനിമയാര്‍ന്ന വേഷത്തിലും ഇന്ത്യന്‍ സംസാരക്കാരം പ്രകടമാക്കുന്ന വസ്ത്രങ്ങള്ണിഞ്ഞും റാമ്പില്‍ ആവേശം തീര്‍ക്കുകയായിരുന്നു അവര്‍. ആദ്യമായി വേദിയിലെത്തുന്ന ആശങ്ക ആര്‍ക്കുമില്ല. പ്രായ വ്യത്യസമില്ലാതെ ആത്മവിശ്വാസത്തിന്റെ ചിറകിലേറിയായിരുന്നു ഓരോചുവടും. 36 പേരാണ് റാമ്പിലെത്തിയത്.
ഹോളിക്രോസ് കോളേജിലെ കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിങ് വിഭാഗത്തിലെ അധ്യാപകരും അമ്പതോളം വിദ്യാര്‍ത്ഥികളുമാണ് ഹരിത കര്‍മ്മസേന അംഗങ്ങളെ മത്സരത്തിനായി ഒരുക്കിയത്. കോര്‍പറേഷനിലെ എഴുന്നൂറോളം ഹരിത കര്‍മ്മസേനാംഗങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു.