മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കയാണ് ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മകൻ പാർത്ഥ് പവാറിനെതിരെ ഉയർന്നിരിക്കുന്ന ഗുരുതരമായ ആരോപണം. 1804 കോടി രൂപയുടെ വിപണി മൂല്യമുള്ള ഭൂമി വെറും 300 കോടി രൂപയ്ക്ക് വാങ്ങിയതാണെന്നാണ് ശിവസേന (UBT) ഗ്രൂപ്പ് നേതാവ് അംബാദാസ് ദാൻവെയുടെ ആരോപണം. 40 ഏക്കർ ഭൂമി ഇടപാടിന് സ്റ്റാമ്പ് ഡ്യൂട്ടിയായി 500 രൂപ മാത്രമേ നൽകിയിട്ടുള്ളൂവെന്നും ഈ ഇടപാട് വെറും 27 ദിവസത്തിനുള്ളിൽ പൂർത്തിയാക്കിയെന്നും ദാൻവെ പറയുന്നു. സർക്കാർ നിയമങ്ങൾ മറികടന്നാണ് ഈ ഇടപാട് നടത്തിയതെന്ന് പ്രതിപക്ഷം അവകാശപ്പെടുന്നു.
അതെ സമയം സംസ്ഥാന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആരോപണങ്ങൾ ഗൗരവമായി കാണുന്നുവെന്നും ഈ ഭൂമി വാങ്ങൽ ഇടപാടിനെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും പൂനെയിൽ മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.
“ഈ വിഷയവുമായി ബന്ധപ്പെട്ട റവന്യൂ വകുപ്പ്, ഐജിആർ, ഭൂമി രേഖകൾ എന്നിവയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പൂർണ്ണമായ വിവരങ്ങൾ ഇതുവരെ എനിക്ക് ലഭിച്ചിട്ടില്ല. പുറത്തുവന്ന പ്രശ്നങ്ങൾ ഗുരുതരമാണ്” ശരിയായ വിവരങ്ങൾ ലഭിച്ചതിനു ശേഷം പ്രതികരിക്കാമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
“ഉപമുഖ്യമന്ത്രി”അജിത് പവാർ ഇത്തരമൊരു കാര്യത്തെ പിന്തുണയ്ക്കുമെന്ന് ഞാൻ കരുതുന്നില്ല. കാരണം ഞങ്ങളുടെ സർക്കാരിന് ഇക്കാര്യത്തിൽ ഒരു കാഴ്ചപ്പാടുണ്ട്. അതിനാൽ, എന്തെങ്കിലും ക്രമക്കേട് ഉണ്ടോ ഇല്ലയോ എന്ന് പരിശോധിക്കും. ഉണ്ടെങ്കിൽ, അതിനെതിരെ വളരെ കർശനമായ നടപടിയെടുക്കും” മുഖ്യമന്ത്രി ഫഡ്നാവിസ് മുന്നറിയിപ്പ് നൽകി. ആരോപണങ്ങളിൽ പാർത്ഥ് പവാർ തന്റെ ആദ്യ പ്രതികരണം നടത്തി. ഫോണിലൂടെ മാധ്യമങ്ങളോട് സംസാരിക്കവെ, പവാർ ആരോപണങ്ങൾ നിഷേധിച്ചു. താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും വ്യക്തമാക്കി.