സിറിയയില്‍ വിമതരും സൈനികരുമായുള്ള പോരാട്ടം നിര്‍ണായക ഘട്ടത്തിലെന്ന് സൂചന. സിറിയന്‍ തലസ്ഥാനമായ ദമാസ്കസില്‍ വിമതര്‍ കടന്നുകയറിക്കഴിഞ്ഞെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചന. ദമാസ്കസില്‍ വെടിവെയ്പ് നടക്കുന്നതിന്റെ ശബ്ദം കേട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ദിവസം രാജ്യത്തെ മൂന്നാമത്തെ വലിയ നഗരമായ ഹോംസിന് വടക്കുള്ള വിവിധ പട്ടണങ്ങളില്‍ വിമത സംഘം പ്രവേശിച്ചിരുന്നു. ഇതോടെ സിറിയന്‍ സര്‍ക്കാരിന് തെക്കന്‍ നഗരമായ ദേരയുടെയും മറ്റ് പ്രവിശ്യകളുടെയും നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു.
ഇപ്പോള്‍ ദമാസ്കസിലും വിമതര്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചതോടെ സിറിയന്‍ സര്‍ക്കാരിന്റെ അധികാര മേഖല ഇനി മെഡിറ്ററേനിയന്‍ തീരത്തു മാത്രമായി അവശേഷിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 2011-ല്‍ ആഭ്യന്തര യുദ്ധം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് സര്‍ക്കാരിന് രാജ്യത്തെ ഭൂരിപക്ഷം നഗരങ്ങളുടെയും നിയന്ത്രണം നഷ്ടമാകുന്നത്.
സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ ഭരണത്തെ അട്ടിമറിക്കുകയാണ് വിമത നീക്കത്തിന്റെ ലക്ഷ്യമെന്ന് എച്ച്ടിഎസ് സഖ്യ നേതാവ് അബു മുഹമ്മദ് അല്‍ ജോലാനി പറഞ്ഞു. അതേസമയം, വിമതര്‍ രാജ്യത്തിന്റെ ഭൂരിഭാഗവും കയ്യടക്കിയതോടെ പ്രസിഡന്റ് രാജ്യത്തു നിന്നും പാലായനം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ടെങ്കിലും വാര്‍ത്ത നിഷേധിച്ച് പ്രസിഡന്റ് ബാഷറുടെ പ്രസ്താവന പുറത്തുവന്നിട്ടുണ്ട്.